KERALA

കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 ജൂണ്‍ 28 ശനിയാഴ്ച


28.Jun.2025
തിരുവനന്തപുരം : അര്‍ബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവിന് 2025 ജൂണ്‍ 28 ശനിയാഴ്ച തുടക്കം കുറിക്കും . രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവ് അര്‍ബുദരോഗ ചികിത്സയുടെ നൂതന സാധ്യതകള്‍ തേടുന്നതായിരിക്കും. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയാണ് കേരള ക്യാന്‍സര്‍ കോണ്‍ക്ലേവിന് വേദിയാവുന്നത് . 

രാജ്യത്ത് തന്നെ ഇദംപ്രഥമമായി നടക്കുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് ജൂണ്‍ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരളാ നിയമസഭാ സ്പീക്കര്‍ എ എം ഷംസീര്‍ ഉദ്ഘാടനം ചെയ്യും . ചടങ്ങില്‍ ഇന്ത്യയില്‍ കാന്‍സര്‍ രോഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പത്മഭൂഷണ്‍ ഡോ സുരേഷ് എച്ച് .അഡ്വാനി മുഖ്യാതിഥിയായിരിക്കും .പാലിയം ഇന്ത്യ സ്ഥാപകന്‍ പത്മശ്രീ ഡോ രാജഗോപാല്‍ , രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍ ഡോ. സി എസ്. പ്രമീഷ് , മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍, കാത്തലിക് ഹോസ്പിറ്റല്‍സ് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡണ്ട് ഫാ ഡോ ബിനു കുന്നത്ത് ,ഡോ ബോബന്‍ തോമസ്, ഡോ നാരായണന്‍ കുട്ടി വാര്യര്‍,ഡോ. അജു മാത്യു എന്നിവര്‍ സംസാരിക്കും 

 അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ഇന്ത്യക്ക് അകത്തും പുറത്തും നിന്നുമായി ഇരുനൂറിലധികം അര്‍ബുദ രോഗ ചികിത്സാവിദഗ്ദ്ധര്‍ പങ്കെടുക്കുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവില്‍ ഏഴ് വിഭാഗങ്ങളിലായി അര്‍ബുദരോഗത്തെ കുറിച്ചുള്ള സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും . 

അര്‍ബുദ ചികിത്സാ മേഖലയിലെ പ്രശസ്ത ഡോക്ടര്‍മാരായ അമേരിക്കയിലെ മായോ ക്ലിനിക്കില്‍ നിന്നുള്ള ഡോ. ഷാജി കുമാര്‍, അമേരിക്കയിലെ തന്നെ റോസ് വെല്‍ പാര്‍ക്കില്‍ നിന്നുള്ള ഡോ. സാബി ജോര്‍ജ്, ഡോ. എം.വി. പിള്ള, ഡോ. ബെന്‍ ജോര്‍ജ്, ഡോ. ജെമി എബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍ ഡോ. പ്രമീഷ് സി.എസ്., മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്‍, ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ സെന്ററിലെ വിദഗ്ദ്ധന്‍ ഡോ.രാകേഷ് ജലാലി, ഡോ എസ്.എസ്. ലാല്‍ , ഡോ. എം.ആര്‍. രാജഗോപാല്‍, ജയന്ത് മാമന്‍ മാത്യു , മുരളി തുമ്മാരകുടി, ഡോ. ഭാവന സിരോഹി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കും.

 കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 ന്റെ ഭാഗമായിസംഘടിപ്പിച്ച cancer opinion survey യുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. കേരളത്തിലെ കാന്‍സര്‍ രോഗികളുടെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ കാന്‍സര്‍ രോഗ ചികിത്സ കേരളത്തില്‍ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യപ്പെടും . കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും, അര്‍ബുദ രോഗ ചികിത്സയില്‍ മരുന്നുകളുടെ ഉപയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ക്യാന്‍സര്‍ ചികിത്സാ മേഖലയുടെ പ്രാപ്യത, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സൗകര്യങ്ങളുടെ ലഭ്യത, കാന്‍സര്‍ ചികിത്സാ മേഖലയില്‍ നടക്കുന്ന ഗവേഷങ്ങളുടെയും തുടര്‍ പഠനങ്ങളുടെയും ആവശ്യകത, കാന്‍സര്‍ പരിചരണത്തിലെ ജീനോമിക്‌സും പ്രിസിഷന്‍ മെഡിസിനും; പൂര്‍ണ്ണമായ സാധ്യതകള്‍ എന്നിവ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളായി മാറുമെന്ന് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള ഭാരവാഹികളായ ഡോ ബോബന്‍ തോമസ് , ഡോ അജു മാത്യു എന്നിവര്‍ അഭിപ്രായപ്പെട്ടു.


കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 ഉദ്ഘാടനം ബി ഡി ദത്തന്റെ ചിത്രരചനയോടൊപ്പം . കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 വേദിയില്‍ പ്രശസ്ത ചിത്രകാരന്‍ ബി.ഡി. ദത്തന്റെ തല്‍ത്സമയ ചിത്രരചനയും നടക്കും. ക്യാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രരചന സംഘടിപ്പിക്കപ്പെടുന്നത്.

Last Update: 28/06/2025
SHARE THIS PAGE!
MORE IN NEWS