സി പി ഐ ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് എം എന്‍ സ്മാരകത്തില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിലും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ദാരുണാന്ത്യത്തിലും ദുഃഖം രേഖപ്പെടുത്തി. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡിഗറില്‍ വച്ച് നടക്കുന്ന ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ചര്‍ച്ച ചെയ്യപ്പെടും. കൂടാതെ ഇക്കാലയളവില്‍ നടന്നുവരുന്ന സംസ്ഥാന സമ്മേളനങ്ങള്‍ വിലയിരുത്തപ്പെടും.
രാവിലെ 9 മണിക്ക് മ്യൂസിയം ജംഗ്ഷനിലുള്ള സി. അച്യുതമേനോന്‍ പ്രതിമയില്‍ ജനറല്‍ സെക്രട്ടറി ഡി. രാജ, ദേശീയ സെക്രട്ടറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, ഡോ. കെ. നാരായണ, പല്ലബ് സെന്‍ഗുപ്ത, അമര്‍ജിത് കൗര്‍, ഡോ. ഗിരീഷ് ശര്‍മ്മ, ആനി രാജ, രാമകൃഷ്ണ പാണ്ട, മഹേന്ദ്രനാഥ് ഓജ, ഡോ. ബി. കെ. കാങ്കോ എന്നിവരും ദേശീയ കൗണ്‍സില്‍ അംഗങ്ങളും പുഷ് പാര്‍ച്ചന നടത്തിയ ശേഷമാണ് യോഗനടപടികള്‍ ആരംഭിച്ചത്. ഇരുപത്തി മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി നൂറ്റി പതിനാല് കൗണ്‍സില്‍ അംഗങ്ങള്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ പൊതുസമ്മേളനവും സംഗീത സദസ്സും നടത്തി. 25 ന് അവസാനിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ആനുകാലിക ദേശീയ- അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും.