ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയെങ്കിലും അപ്പോഴൊന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല. പഹല്‍?ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഭീകരര്‍ ഭൂമിയുടെ ഏതു കോണില്‍പോയി ഒളിച്ചാലും പിന്തുടര്‍ന്ന് പിടികൂടുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. അതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
പഹല്‍?ഗാമിലെ ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനും അര്‍ധ സൈനികര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഓരോ ഇന്ത്യക്കാരുടെയും പേരില്‍ അഭിവാദ്യമാര്‍പ്പിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനുമാണ് കഴിഞ്ഞുപോയ ദിവസങ്ങളില്‍ നമ്മള്‍ സാക്ഷികളായതെന്നും നമ്മുടെ വീര സൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ് നടത്തിയതെന്നും മോദി പറഞ്ഞു.നമ്മുടെ ജവാന്മാരുടെ വീര്യത്തെയും സാഹസത്തെയും കരുത്തിനെയും നമ്മുടെ രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മകള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്നത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. അവധി ആഘോഷിക്കാനെത്തിയ നിര്‍ദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍, കുട്ടികള്‍ക്കു മുന്നില്‍വച്ചാണ് കൊലപ്പെടുത്തിയത്. ഈ നാടിന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള ശ്രമവും അവര്‍ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവന്‍ ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ലെന്നും ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണെന്നും മോദി പറഞ്ഞു. ഭീകരരെ മണ്ണോടുമണ്ണാക്കാന്‍ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നല്‍കി. നമ്മുടെ സൈന്യം ഭീകര ക്യാംപുകളില്‍ കൃത്യമായ ആക്രമണം നടത്തി. ഇന്ത്യയ്ക്ക് ഇത്രയും വലിയ ഒരു ആക്രമണം നടത്താന്‍ കഴിയുമെന്ന് ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. നമ്മുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു.
നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലര്‍ച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരക്യാംപുകളില്‍ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ കനത്ത പ്രഹരം നടത്തി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നൂറിലധികം ഭീകരരെ വധിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കേണ്ടതിന് പകരം പാകിസ്ഥാന്‍ ആക്രമണം അഴിച്ചു വിടുകയാണ് ചെയ്തത്. ഗുരുദ്വാരകള്‍, സ്‌കൂളുകള്‍, സാധാരണക്കാരുടെ വീടുകള്‍ എന്നിവയാണ് പാകിസ്ഥാന്‍ ലക്ഷ്യം വച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ തയ്യാറായപ്പോള്‍ ഇന്ത്യ പാകിസ്ഥാന്റെ ഹൃദയ ഭാഗത്ത് തന്നെ ആക്രമണം നടത്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.