വിഴിഞ്ഞം : നവകേരളത്തിന്റെ വിജയഗാഥ
അങ്ങനെ അതും നമ്മള്‍ നേടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമര്‍പ്പിച്ചതോടെ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് സഫലമായിരിക്കുന്നത്. വികസനത്തിന്റെ പുതിയ ചക്രവാളങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ലോക മാരിടൈം ഭൂപടത്തില്‍ ഇന്ത്യയെ ഇനി മുതല്‍ അടയാളപ്പെടുത്താന്‍ പോകുന്നത് വിഴിഞ്ഞം ആയിരിക്കുമെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.
പ്രളയങ്ങളും കോവിഡ് മഹാമാരിയും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ മുന്നിലുണ്ടായിരുന്നു. അവയുടെയൊന്നും മുന്നില്‍ നാം തളര്‍ന്നില്ല. വിഴിഞ്ഞത്തെ നമ്മുടെ സോദരരുടെ ആശങ്കകള്‍ മുന്നിലുണ്ടായിരുന്നു. അവയോരോന്നും പരിഹരിച്ച് അവരെ ചേര്‍ത്തു നിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്.
രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നിലവില്‍ ആകെ പദ്ധതിച്ചെലവിന്റെ മൂന്നില്‍ രണ്ടു ഭാഗവും വഹിക്കുന്നത് സംസ്ഥാനമാണ്. ഉത്തരവാദിത്തങ്ങളെല്ലാം കൃത്യതയോടെ നിറവേറ്റി തുറമുഖത്തിന്റെ നിര്‍മ്മാണത്തിനു യാതൊരു വിഘാതവും ഉണ്ടാകാതെ നിശ്ചയാദാര്‍ഢ്യത്തോടെ മുന്നോട്ടു പോകാന്‍ സര്‍ക്കാരിനു സാധിച്ചു.
അതിന്റെ ഫലമായി കരാര്‍ പ്രകാരം 2045 ല്‍ മാത്രം പൂര്‍ത്തിയാവേണ്ട പദ്ധതി 2028-ല്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന നിലയാണിപ്പോളുള്ളത്. കൊമേഴ്‌സ്യല്‍ ഓപ്പറേഷനാകട്ടെ 2024 ല്‍ തന്നെ ആരംഭിക്കാനും നമുക്ക് സാധിച്ചു. ഇതുവരെ 270 ലേറെ കപ്പലുകളാണ് വിഴിഞ്ഞത്തു നങ്കൂരമിട്ടത്.
അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാക്കിയ 9 വര്‍ഷങ്ങളാണ് കടന്നു പോയത്. വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും പുതിയ പന്ഥാവുകളിലൂടെ കേരളം മുന്നേറുകയാണ്. സമാനതകളില്ലാത്ത ഈ വികസന മുന്നേറ്റത്തിനു കൂടുതല്‍ കരുത്തു പകരുന്ന പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. കൂടുതല്‍ വലിയ നേട്ടങ്ങളിലേയ്ക്ക് നാടു കുതിക്കും.