INDIAKERALA NEWS

കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ചു 9 മരണം ; മരണസംഖ്യ ഉയരാന്‍ സാധ്യത

സ്വന്തം ലേഖകന്‍
06.Oct.2022
പാലക്കാട്  :

തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് ഒമ്പതുമരണം. 40ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ മൂന്ന് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.  കൊല്ലം വലിയോട് ശാന്തിമന്ദിരത്തില്‍ അനൂപ് (22), രോഹിത്, ബസേലിയേസ് സ്‌കൂള്‍ ജീവനക്കാരായ നാന്‍സി ജോര്‍ജ്, വി കെ വിഷ്ണു എന്നിവര്‍ മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്.   മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വ്യാഴം പുലര്‍ച്ചെ 12നായിരുന്നു അപകടം.

എറണാകുളം വെട്ടിക്കല്‍ മാര്‍ ബസേലിയേസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളുമായി ഊട്ടിയിലേക്ക് പോയ ബസ് കോയമ്പത്തൂരിലേക്ക് പോവുന്ന  കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റ അഞ്ചുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും 16 പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാലുപേരുടെ മൃതദേഹം പാലക്കാട്  ജില്ലാ ആശുപത്രിയില്‍. നാലുപേരുടെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മരിച്ചതില്‍ നാലുപേര്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ സഞ്ചരിച്ചബസിലെ യാത്രക്കാരാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 10, 11, 12 ക്ലാസുകളിലെ 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

Last Update: 06/10/2022
SHARE THIS PAGE!
MORE IN NEWS