കശ്മീരില്‍ നടന്ന അത്യന്തം ഹീനമായ തീവ്രവാദ ആക്രമണത്തെ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉപയോഗിക്കരുതെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ഇല്ലാതാക്കേണ്ടതാണ്. ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ല. എന്നാല്‍ ജമ്മു കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ആ പ്രദേശത്തെ ഒരുമിച്ച് നിര്‍ത്തണം. രാജ്യം ഒരുമിച്ച് നില്‍ക്കണം. ഈ ഭീകരാക്രമണം ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടാക്കാന്‍ ഉപയോഗിക്കരുതെന്ന് ഡി രാജ ചൂണ്ടിക്കാട്ടി.
നിരപരാധികളായ നിരവധി പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. എങ്ങനെയാണ് ഭീകരവാദികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്? അതിര്‍ത്തി സുരക്ഷയുടെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് ഡി രാജ പറഞ്ഞു.
പാര്‍ട്ടി ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കൊപ്പമാണ് പണ്ടുമുതല്‍ക്ക് തന്നെ. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. ജമ്മു കശ്മീര്‍ സംസ്ഥാനമെന്ന നിലയില്‍ നിന്ന് ഇപ്പോള്‍ കേന്ദ്രഭരണപ്രദേശമായി മാറിയിരിക്കുകയാണ്. എങ്കിലും അവിടെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുണ്ട്. എന്നാല്‍ അവര്‍ക്കുള്ള അധികാരങ്ങളൊന്നും കേന്ദ്രം നല്‍കുന്നില്ല. കൂടുതല്‍ അധികാരങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുവദിക്കുന്നില്ല. ഭീകരാക്രമണ വിഷയം ചര്‍ച്ച ചെയ്യാനായി രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്തപ്പോള്‍ ജമ്മു കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികളെ പങ്കെടുപ്പിച്ചില്ല. അവിടത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാനെന്നും രാജ പറഞ്ഞു. പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാരുടെ ചോരയും ജീവനും നല്‍കിയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുത്തത്. നിരവധി കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി കല്‍ത്തുറുങ്കില്‍ കിടന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ മരിച്ചുവീഴുമ്പോള്‍ ആര്‍എസ്എസ് എന്തുചെയ്യുകയായിരുന്നു? എവിടെയെങ്കിലും അവര്‍ പോരാടിയോ? ഒരിടത്തുമുണ്ടായില്ല. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ബിജെപിക്ക് ദേശീയപതാക കയ്യിലേന്താന്‍ ലജ്ജയില്ലേ?
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കയറിയിരുന്ന് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ഗവര്‍ണര്‍മാര്‍. കേരളത്തിലും തമിഴ്‌നാട്ടിലും മറ്റ് പല സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗാന്ധിജി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, എല്ലാവര്‍ക്കും നല്ല ബുദ്ധി വരട്ടെ (സബ് കോ സന്മതി ദേ ഭഗവാന്‍) എന്നതിന് പകരം മോഡിക്കും അമിത് ഷായ്ക്കും നല്ല ബുദ്ധി തോന്നിക്കട്ടെ എന്ന് പറയുമായിരുന്നു.
സബ് കാ സാത്ത് സബ് കാ വികാസ് എന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ആരുടെ കൂടെയാണ്? കേരളത്തിലെ ജനങ്ങളുടെ കൂടെയുണ്ടോ? കോര്‍പറേറ്റുകളുടെ വികസനം മാത്രമാണ് ഈ ഭരണത്തിലുണ്ടാകുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായ ജുഡീഷ്യറിയെ ഇല്ലാതാക്കുന്നു. പാര്‍ലമെന്റിനെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇടതുപക്ഷ ഐക്യവും കമ്മ്യൂണിസ്റ്റ് ഐക്യവും ശക്തിപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അതിനുള്ള ഇടപെടലുകള്‍ക്ക് പാര്‍ട്ടി മുന്‍കയ്യെടുക്കും. ബിജെപി പരാജയപ്പെടണം. ഇന്ത്യ വിജയിക്കണം. ബിജെപിയുടെ നയങ്ങള്‍ക്ക് ബദലായി പ്രവര്‍ത്തിക്കുന്നതാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ബിജെപിയെ തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനായി കേരളത്തില്‍ വീണ്ടും എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകണമെന്നും ഡി രാജ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ജി ആര്‍ അനില്‍ അധ്യക്ഷനായി. കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതവും സിപിഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍ നന്ദിയും പറഞ്ഞു. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജിത് കൗര്‍, കെ നാരായണ, പല്ലബ് സെന്‍ ഗുപ്ത, ബാല്‍ചന്ദ്ര കാംഗോ, രാമകൃഷ്ണ പാണ്ഡ, ആനി രാജ, ഗിരീഷ് ശര്‍മ, അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ്ബാബു, പി സന്തോഷ് കുമാര്‍ എംപി, കെ പി രാജേന്ദ്രന്‍, മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, വി ശശി എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു.
പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളുടെ കുടുംബാംഗങ്ങളെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആദരിച്ചു. യുവകലാസാഹിതി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിപ്ലവ ഗാനമേള, ആസ്തിക സംസ്‌കൃതി അവതരിപ്പിച്ച നൃത്ത പരിപാടി, യുവകലാസാഹിതിക്കു വേണ്ടി സുനില്‍ കൃഷ്ണ അവതരിപ്പിച്ച 'കുടമാറ്റം' എന്ന ഏകാങ്ക നാടകം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.