INDIA

പദ്മനാഭപുരത്തു നിന്ന് ഘോഷയാത്ര പുറപ്പെട്ടു, നവരാത്രി വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ്


02.Oct.2024
നവരാത്രി ഘോഷയാത്രയ്ക്ക് ആവേശോജ്വല സ്വീകരണമേകി നാടും നഗരവും. ഘോഷയാത്രയുടെ മൂന്നാം ദിനം ബുധനാഴ്ച മാര്‍ത്ഥാണ്ഡത്ത് നിന്ന് ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കടന്നുവരുന്ന ഘോഷയാത്രയെ കളിയിക്കാവിള സംസ്ഥാന അതിര്‍ത്തിയില്‍ സംസ്ഥാന സര്‍ക്കാരും വിവിധ ഹൈന്ദവ സംഘടനകളും ചേര്‍ന്ന് സ്വീകരിക്കും. വൈകിട്ട് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ യാത്രാസംഘം വിശ്രമിക്കും.
പത്മനാഭപുരം കൊട്ടാരത്തില്‍ ഉടവാള്‍ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിര്‍ഭര തുടക്കം
          തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച പുലര്‍ച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിച്ച ഉടവാള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനില്‍ നിന്നും പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വീകരിച്ചു. തുടര്‍ന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ വാള്‍ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം കന്യാകുമാരി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രഭാരാമകൃഷ്ണന് കൈമാറി. എംഎല്‍എ മാരായ സി.കെ ഹരീന്ദ്രന്‍, എ വിന്‍സന്റ്, കന്യാകുമാരി ജില്ലാ കളക്ടര്‍  ആര്‍ അളഗമീന, സബ്കളക്ടര്‍ വിനയ് കുമാര്‍ മീണ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
          കേരള, തമിഴ്നാട് സായുധ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെ ആനപ്പുറത്തേറി ഘോഷയാത്രയായി സരസ്വതീ വിഗ്രഹം പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരു പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും. ഇന്ന് (ഒക്ടോബര്‍ 1) രാത്രി വിഗ്രഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തും. അടുത്ത ദിവസം (ഒക്ടോബര്‍ 2) രാവിലെ കളിയിക്കാവിളയില്‍ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതര്‍ ചേര്‍ന്ന് വരവേല്‍ക്കും. ഘോഷയാത്ര ഒക്ടോബര്‍ 3ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതല്‍ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.

          സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ എത്തുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേല്‍ക്കും. പദ്മതീര്‍ഥത്തിലെ ആറാട്ടിനുശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രി പൂജക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.


Last Update: 02/10/2024
SHARE THIS PAGE!
MORE IN NEWS