INDIAKERALA NEWS

ഉമ്മന്‍ചാണ്ടി മടങ്ങി : പുതുപ്പള്ളിയുടെ മണ്ണിലേയ്ക്ക്


21.Jul.2023
കോട്ടയം : കണ്ണീര്‍മഴയില്‍ മനംനിറയെ ഓര്‍മകളുമായി പതിനായിരങ്ങള്‍. രാവും പകലും പിന്നിട്ടും ദീര്‍ഘദൂരം താണ്ടിയും ഊണും ഉറക്കവുമുപേക്ഷിച്ചും എത്തിയവര്‍ പ്രിയനേതാവിന് യാത്രാമൊഴിയേകി. പുതുപ്പള്ളിയുടെ പര്യായമായി പരിണമിച്ച ഉമ്മന്‍ചാണ്ടിക്ക് ഇനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ അന്ത്യവിശ്രമം. സന്ധ്യാമണികള്‍ മുഴങ്ങിയശേഷം ക്രിസ്തീയ ദേവാലയങ്ങളില്‍ സംസ്‌കാര ശ്രുശ്രൂഷ ചടങ്ങുകള്‍ നടക്കാറില്ലെന്ന കീഴ്വഴക്കം മാറ്റിയാണ് മടക്കം.

ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവര്‍ അന്ത്യചുംബനം നല്‍കി. ചുറ്റും പൂക്കള്‍ വിതറിയ കല്ലറയില്‍ മൃതദേഹം വയ്ക്കുമ്പോഴും വലിയ ജനക്കൂട്ടം കാത്തുനിന്നു.

ഉമ്മന്‍ചാണ്ടിയുടെ ചുറ്റും പുരുഷാരം നിറഞ്ഞത് ഏതാനും മണിക്കൂറല്ല; ബുധന്‍ രാവിലെ ഏഴിന് ജഗതി പുതുപ്പള്ളി ഹൗസില്‍നിന്ന് യാത്ര തുടങ്ങിയതുമുതല്‍ അവര്‍ ഒപ്പമുണ്ട്. വ്യാഴം വൈകിട്ട് ആറോടെ കോട്ടയം പുതുപ്പള്ളിയിലെത്തുംവരെ. ഒരുരാത്രിയും രണ്ട് പകലുമായി 40 മണിക്കൂറോളം യാത്ര.

പെരുന്ന, രാഷ്ട്രീയ കളിത്തൊട്ടിലായിരുന്ന തിരുനക്കര മൈതാനം, കെ കെ റോഡ്, കഞ്ഞിക്കുഴി എന്നിവിടങ്ങള്‍ പിന്നിട്ടായിരുന്നു വ്യാഴാഴ്ച വിലാപയാത്ര. കരോട്ട് വള്ളക്കാലില്‍ കുടുംബവീട്ടിലും നിര്‍മാണത്തിലുള്ള പുതുപ്പള്ളി വീട്ടിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയ ശേഷമായിരുന്നു പള്ളിയിലേക്ക് എത്തിച്ചത്. രാഹുല്‍ഗാന്ധിയും സംസ്‌കാരച്ചടങ്ങിനെത്തി.

ഗവര്‍ണര്‍മാരായ ആരീഫ് മൊഹമ്മദ്ഖാന്‍, പി എസ് ശ്രീധരന്‍പിള്ള, സി വി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികനായി.

Last Update: 21/07/2023
SHARE THIS PAGE!
MORE IN NEWS