സാംസ്‌കാരിക, സംഗീത സൃഷ്ടികൾക്കുപരിയായി താൻ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മാനവികതയും സാമൂഹ്യബോധവുമാണ് ഹരിവരാസനം പുരസ്‌കാരത്തിന് തന്നെ അർഹനാക്കിയതെന്ന് വിശ്വസിക്കുന്നതായി കൈതപ്രം ദാമോദരൻ നമ്പൂതിരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. താനും ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നുവെന്നും തനിക്ക് ലഭിച്ച പുരസ്‌കാരം തീർഥാടന കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കായി വീതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എടപ്പഴഞ്ഞി പാങ്ങോട് ശാസ്താ ക്ഷേത്രത്തിൽ ശാന്തിയായിരിക്കെ പ്രദേശത്ത് സാമുദായിക സൗഹാർദം വളർത്താനായി പ്രവർത്തിച്ചിട്ടുണ്ട്. പൂഞ്ഞാറിൽ ശാന്തിയായി പ്രവർത്തിക്കവേ ശമ്പളവും ദക്ഷിണയും വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് അവിടുത്തെ ഭക്തരിൽ വലിയ സ്വാധീനമുണ്ടാക്കി. നിവേദ്യച്ചോറ് സാധാരണ ജനങ്ങൾക്ക് നൽകിയിരുന്നു. വിശന്നു വലയുന്നവർക്ക് ഭക്ഷണം നൽകിയത് മഹാപുണ്യമായി ഭഗവാൻ കരുതും.
സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നടത്തിയ ഇത്തരം പ്രവർത്തനങ്ങളാണ് ഹരിവരാസനം പുരസ്‌കാരത്തിന് തന്നെ അർഹനാക്കിയതെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും ഒന്നാണെന്ന വലിയ പാഠമാണ് അയ്യപ്പൻ പഠിപ്പിക്കുന്നത്. പുരസ്‌കാരം വാങ്ങാനെത്തിയ ദിവസം മഹാദർശനം കിട്ടി. മകരവിളക്ക് തന്ത്രിയെയും മേൽശാന്തിയെയും വന്ദിക്കാൻ കഴിഞ്ഞു. ഇതുവരെ നേടാത്ത ദർശന പുണ്യമാണ് നേടിയത്. എല്ലാവരുടെയും സ്‌നേഹം അനുഭവിക്കുമ്പോൾ വലിയ ഭക്തനായി മാറുന്നു. അപ്പോഴാണ് കവിയും കലാകാരനുമാകാൻ കഴിയുന്നതെന്നും കൈതപ്രം പറഞ്ഞു.
ശബരിമല സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചത്.