KERALATHIRUVANANTHAPURAM

സ്വപ്നസാഫല്യമായി സ്വന്തം ഭൂമി: പാറശ്ശാല മണ്ഡലത്തിലെ 217 കുടുംബങ്ങള്‍ക്ക് പട്ടയം

സ്വന്തം ലേഖകന്‍
07.Oct.2022
217 കുടുംബത്തിനുള്ള പട്ടയം മന്ത്രി കെ രാജന്‍ വിതരണം ചെയ്തു.
വെള്ളറട  ( തിരുവനന്തപുരം )

പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്ന പാറശാല മണ്ഡലത്തിലെ  217 കുടുംബത്തിന് പട്ടയഭൂമി.  മണ്ഡലത്തില്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാല്‍ വില്ലേജിലെ കുത്തകപ്പാട്ട ഭൂമിയിലെ 80 കുടുംബത്തിനും മറ്റു കോളനികളിലെ 5 കുടുംബത്തിനും വെള്ളറട, പെരുങ്കടവിള വില്ലേജുകളിലെ 20 കുടുംബത്തിനും കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ കണ്ട്കൃഷി ഭൂമിയിലെ 80 കുടുംബത്തിനും അമ്പൂരി, കീഴാറൂര്‍, വാഴിച്ചല്‍, ഒറ്റശേഖരമംഗലം എന്നീ വില്ലേജുകളില്‍പ്പെട്ട  14 കുടുംബത്തിനും ഉള്‍പ്പെടെ 217 കുടുംബത്തിനുള്ള പട്ടയം  മന്ത്രി കെ രാജന്‍ വിതരണം ചെയ്തു. സി കെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. 
 
നെയ്യാറ്റിന്‍കര  താലൂക്കിലെ പാറശാല നിയോജകമണ്ഡലത്തില്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ക്കുകീഴില്‍ വരുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള പട്ടയമാണ് വിതരണം ചെയ്തത്.
 
നവംബര്‍ ഒന്നിന് തുടങ്ങുന്ന ഡിജിറ്റല്‍ റീസര്‍വേ ജോലികള്‍ക്കായി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. 
 
നാലുവര്‍ഷത്തെ കരാറില്‍ 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയുമാണ് നിയമിക്കുക. അവകാശരേഖ ലഭ്യമാക്കല്‍, ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഏകീകൃത അവകാശരേഖ, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കല്‍, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയാണ് ഈ സര്‍വേയുടെ നേട്ടമെന്ന് മന്ത്രി പറഞ്ഞു.
 
അതോടൊപ്പം ജിയോ കോ- ഓര്‍ഡിനേറ്റ് അടിസ്ഥാനമാക്കിയ ഭൂപടത്തിന്റെ സഹായത്താല്‍ ദുരന്തനിവാരണം ഫലപ്രദമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു

Last Update: 07/10/2022
SHARE THIS PAGE!
MORE IN NEWS