KERALAKOLLAM

പളളിത്തോട്ടം ഫ്‌ളാറ്റ് സമുച്ചയം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈമാറി

സ്വന്തം ലേഖകന്‍
06.Oct.2022
'പുനര്‍ഗേഹം' പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ പള്ളിത്തോട്ടം മത്സ്യഗ്രാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച പുതിയ ഫ്‌ലാറ്റ് സമുച്ചയം ഇനി മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തം . തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. 114 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ക്യുഎസ്എസ് നീലിമ ഫ്‌ലാറ്റ് സമുച്ചയമാണ് ഇന്നലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈമാറിയത്. 

13.51 കോടി രൂപ ചെലവിട്ടാണ് മികച്ച സൗകര്യങ്ങളോട് കൂടിയ പുതിയ ഫ്‌ലാറ്റ് സമുച്ചയം നിര്‍മിച്ചത്.

രാജ്യത്ത് തീരദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന ആദ്യത്തെ പുനരധിവാസ പദ്ധതിയാണ് പുനര്‍ഗേഹം. പൊന്നാനി (128), ബീമാപള്ളി (20), കാരോട് (128) എന്നിവിടങ്ങളിലായി 276 യൂണിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച് ഇതിനകം ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. 

വിവിധ ജില്ലകളിലായി 898 ഫ്ളാറ്റുകള്‍ക്ക് ഭരണാനുമതി ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലുമാണ്. ഇതില്‍ ഉള്‍പ്പെടുന്ന 114 ഫ്ളാറ്റ് അപ്പാര്‍ട്ട്മെന്റുകളാണ് ഇന്നലെ കൊല്ലം മത്സ്യഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ആകെ 390 ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ തുറന്നുനല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിത മേഖലയിലെ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും തീരദേശവാസികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിലേക്കുള്ള ഉറച്ചചുവടാണ് പുനര്‍ഗേഹം പദ്ധതി.

Last Update: 06/10/2022
SHARE THIS PAGE!
MORE IN NEWS