KERALA

റോബോട്ടിക്‌സ് ഹബ്ബാകാന്‍ കേരളം


30.Aug.2024


രാജ്യത്തിന്റെ റോബോട്ടിക്‌സ് ഹബ്ബാവുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഉറച്ച ചുവടുവയ്പുകളുമായി കേരളം മുന്നേറുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക്‌സ് പാര്‍ക്ക് തൃശൂരില്‍ തുടങ്ങും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി) കൊച്ചിയില്‍ സംഘടിപ്പിച്ച റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിളിന്റെ സമാപനച്ചടങ്ങില്‍ വച്ച് അതിന്റെ പ്രഖ്യാപനം നടക്കുകയുണ്ടായി.  195 സ്റ്റാര്‍ട്ടപ്പുകളും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുത്ത റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ കേരളത്തിലെ റോബോട്ടിക്‌സ് മേഖലയില്‍ നിന്ന് ലോകവിപണിയിലേക്ക് കടന്നുവന്ന നിരവധി കമ്പനികള്‍ ഉണ്ടായിരുന്നു.

വ്യവസായ വകുപ്പിന്റെ 22 മുന്‍ഗണനാമേഖലകളില്‍ റോബോട്ടിക്‌സിനെ ഉള്‍പ്പെടുത്തിട്ടുണ്ട്. റോബോട്ടിക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ് ലോണ്‍ ഒരു കോടിയില്‍ നിന്ന് രണ്ടുകോടിയായി സര്‍ക്കാര്‍ വര്‍ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രവര്‍ത്തനമൂലധനം വര്‍ധിപ്പിക്കുന്നതോടൊപ്പം റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്ഥലസൗകര്യം ഒരുക്കല്‍, മാര്‍ക്കറ്റിങ് പിന്തുണ എന്നിവയും പരിഗണിക്കുന്നു.
 
വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ് പരിചയപ്പെടുത്താനും പരിശീലനം നല്‍കുന്നതിനായി  ലിറ്റില്‍ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ 2000 വിദ്യാലയങ്ങളില്‍ 9000 റോബോട്ടിക് ലാബുകള്‍ ആണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതു കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബര്‍ മാസത്തോടെ ഇവയുടെ വിതരണം നടത്താനുള്ള സജ്ജീകരണം പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് റോബോട്ടിക്‌സ് മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ തൊഴില്‍-വൈജ്ഞാനികമേഖലകളില്‍ ഉണ്ടാകുന്ന മാറ്റത്തോടൊപ്പം മുന്നേറാന്‍ കേരളത്തെ പര്യാപ്തമാക്കും .

Last Update: 30/08/2024
SHARE THIS PAGE!
MORE IN NEWS