INDIA

കോടിയേരി ബാലകൃഷ്ണന് റെഡ് സെല്യൂട്ട്


02.Oct.2022
ചെന്നൈ/തിരുവനന്തപുരം : സമരതീക്ഷ്ണവും സൗമ്യദീപ്തവുമായ ജീവിതംകൊണ്ട് മനസ്സുകളെ കീഴടക്കിയ പ്രിയ നേതാവിന് ഇനി ജനകോടികളുടെ ഹൃദയത്തില്‍ അമരത്വം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനി രാത്രി എട്ടിന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഞായര്‍ പകല്‍ 11ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കുന്ന മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ തിങ്കള്‍ രാവിലെ 10 വരെ പൊതുദര്‍ശനം. രാവിലെ 11 മുതല്‍ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനുശേഷം പകല്‍ മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി  തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും.  

അന്ത്യസമയത്ത് ഭാര്യ വിനോദിനിയും മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ഒപ്പമുണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രാത്രി ചെന്നൈയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര ഉപേക്ഷിച്ചു. തിങ്കള്‍ രാവിലെ കണ്ണൂരിലെത്തും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ആഗസ്ത് അവസാനമാണ് സ്ഥാനമൊഴിഞ്ഞ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചത്. കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ആയിരുന്നു കോടിയേരിയുടെ  ജനനം. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ത്തന്നെ രാഷ്ട്രീയത്തില്‍ സജീവമായി. എസ്എഫ്ഐ  സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ തടവുകാരനായി 16 മാസം ജയിലില്‍ കഴിഞ്ഞു.

1982ലും 1987ലും 2001ലും തലശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001--06, 2011-- 16ലും പ്രതിപക്ഷ ഉപനേതാവായും 2006--11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവര്‍ത്തിച്ചു. 1988ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി. 2002ല്‍ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ല്‍ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ആലപ്പുഴ  സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി. 2016ല്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് അധികാരം ലഭിച്ച തെരഞ്ഞെടുപ്പില്‍ അമരക്കാരനായി. 2018ല്‍ തൃശൂര്‍ സമ്മേളനത്തിലും സെക്രട്ടറിയായി തുടര്‍ന്നു. 2020 നവംബര്‍മുതല്‍ ഒരുവര്‍ഷം ചികിത്സയ്ക്കായി ചുമതലയൊഴിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ മുന്നണിയുടെ വിജയത്തിനായി അനാരോഗ്യം വകവയ്ക്കാതെ അക്ഷീണം പ്രവര്‍ത്തിച്ചു. 2022 മാര്‍ച്ചില്‍ എറണാകുളം സമ്മേളനത്തില്‍ മൂന്നാം തവണയും സെക്രട്ടറിയായി. ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

സിപിഐ എം നേതാവും തലശേരി എംഎല്‍എയുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ് കോടിയേരി, അഡ്വ. ബിനീഷ് കോടിയേരി. മരുമക്കള്‍: ഡോ. അഖില, റിനീറ്റ.

Last Update: 02/10/2022
SHARE THIS PAGE!
MORE IN NEWS