Mobirise Website Builder v4.8.10

INDIA

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് തീയതി ഒക്ടോബര്‍ 25 വരെ നീട്ടി


11.Oct.2024
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു. മുന്‍ഗണനാകാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയപരിധി നീട്ടിയത്.

ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്. ഒക്ടോബര്‍ 8-ാം തീയതി വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാര്‍ഡിലെ 20 ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാകാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും വിജയകരമായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മസ്റ്ററിങ്ങിനായി റേഷന്‍ കടകളിലെത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിങ്ങിനായി മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് അപ്ഡേഷന്‍ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

e-KYC (ഇലക്ട്രോണിക് - നോ യുവര്‍ കസ്റ്റമര്‍) അപ്ഡേറ്റ് ചെയ്തിട്ടുള്ളതും വിതരണം സംബന്ധിച്ച AePDS പോര്‍ട്ടലില്‍ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്ഡേഷന്‍ പൂര്‍ത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ആധാര്‍ നമ്പര്‍ പരസ്പരം മാറിപ്പോയതും എന്നാല്‍ AePDS-ല്‍ അപ്രൂവ് ചെയ്തതുമായ കേസുകള്‍ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു. പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്താന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ നാട്ടിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കും.

Last Update: 11/10/2024
SHARE THIS PAGE!
MORE IN NEWS